ആ സിനിമയിൽ നിന്നു കിട്ടിയ വരുമാനം വച്ച് സ്ഥലം വാങ്ങി..! ഇപ്പോൾ ഒരു വീടുമായി.. കുടശ്ശനാട് കനകം

Posted by

‘അയ്യോ അടിയൊന്നുമല്ല. ചവിട്ടെന്നു പറഞ്ഞാൽ എന്റെ ദൈവമേ, ഒരു മനുഷ്യനെ ഇങ്ങനെ എടുത്ത് ചവിട്ടാമോ. ചവിട്ടുകകൊണ്ട് എന്റെ ചെറുക്കൻ തെറിച്ചുവീണത് ഗീതേടെ പറമ്പിലാ..’ ജയ ജയ ജയ ജയ ഹേ സിനിമയിലെ ഈ ഒരു ഡയലോഗ് മതി മലയാളികൾക്ക് ആ നടിയെ തിരിച്ചറിയാൻ, കുടശ്ശനാട് കനകം. പ്രഫഷനൽ നാടകങ്ങൾ ചെയ്ത് മികച്ച നടിക്കുള്ള പുരസ്കാരം വരെ നേടിയിട്ടുള്ള കനകം സിനിമയിൽ അറിയപ്പെടാൻ അല്പം വൈകിയെങ്കിലും ആ വരവ് വലിയ വരവായിരുന്നു. ഇപ്പോൾ ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിലും രസകരമായ വേഷമാണ് കനകത്തെ തേടി എത്തിയിരിക്കുന്നത്. മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടും ശ്രദ്ധേയമായ വേഷം ലഭിക്കാത്തതിൽ ദുഃഖമുണ്ടെന്ന് കനകം പറയുന്നു. തമിഴിൽ ഗുരു സോമസുന്ദരം സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത സന്തോഷവുമായി മനോരമ ഓൺലൈനിനോട് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കുടശ്ശനാട് കനകം.

ഗുരുവായൂർ അമ്പലനടയിലെ വേലക്കാരി വേഷം

‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയാണ് എന്നെ മലയാള സിനിമയിൽ പ്രശസ്തയാക്കിയത്. അതിന് സംവിധായകൻ വിപിൻ ദാസിനോടും ആ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നു. ബേസിൽ ജോസഫിന്റെ അമ്മയുടെ വേഷമാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ എന്നെ ബേസിലിന്റെ അമ്മ എന്ന് വിളിക്കുന്നത് വിപിൻ ദാസിന്റെ കാരണമാണ്. ഇന്നും ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന ആ അമ്മയും മകനും. ജയ ജയ ജയ ജയ ഹേ എന്ന സിനിമ എനിക്ക് നൽകിയ വിജയം കാരണം വീണ്ടും ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിൽ വേഷം ലഭിച്ചു. വിപിൻ ദാസിനോടുള്ള കടപ്പാട് എന്നും നിലനിൽക്കും. പൃഥ്വിരാജ് പ്രൊഡക്‌ഷനോടും വളരെയധികം നന്ദിയുണ്ട്.

ഗുരുവായൂരപ്പന്റെ മുന്നിൽ നിന്ന അനുഭവം

ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയ്ക്കു വേണ്ടി ഗുരുവായൂർ അമ്പലം സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്തത്. അവിടെ നിൽക്കുമ്പോൾ ഗുരുവായൂരപ്പന്റെ മുന്നിൽ നിൽക്കുന്ന അനുഭൂതി തന്നെയായിരുന്നു മനസ്സിൽ. പണ്ട് ഗുരുവായൂരമ്പലത്തിലെ സ്റ്റേജിൽ ഞാൻ നൃത്തം ചെയ്തിട്ടുണ്ട, നാടകവും കളിച്ചിട്ടുണ്ട. അവിടെയുണ്ടായ അനുഭൂതി തന്നെയാണ് തോന്നിയത്. സിനിമ എല്ലാവർക്കും ഇഷ്ടപ്പെട്ടു, പക്ഷേ സിനിമ കണ്ടപ്പോൾ എന്റെ കഥാപാത്രം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. ചില നല്ല സീനുകൾ ഉണ്ടായിരുന്നെങ്കിലും അവ ഉൾപ്പെടുത്താൻ കഴിയാതെ പോയി.

ബേസിൽ ജോസഫിന് എന്നും അമ്മയാണ്

ബേസിൽ, പൃഥ്വിരാജ്, നിഖില വിമൽ, അനശ്വര, രേഖ, ജഗദീഷ് എന്നിവരോടൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങൾ ഒരിക്കലും മറക്കാനാകില്ല. ഞങ്ങൾ ഒരു കുടുംബത്തെപ്പോലെ ആയിരുന്നു സെറ്റിൽ. പൃഥ്വിരാജ് എപ്പോഴും ഉണ്ടാകില്ല എങ്കിലും കാണാൻ അവസരം കിട്ടുമ്പോൾ നമ്മുടെ സുഖവിവരങ്ങൾ ഒക്കെ ചോദിക്കും. വളരെ നല്ല സൗഹൃദത്തോടെയാണ് പെരുമാറിയിട്ടുള്ളത്. ബേസിലിനോട് പിന്നെ ഞാൻ അമ്മയേ പോലെ ആണ്. നിഖിലയും അനശ്വരയും അമ്മ എന്ന് വിളിച്ച് വന്നു കെട്ടിപ്പിടിക്കും.

ജയ ജയ ജയ ജയ ഹേ എന്ന സിനിമയിൽ നിന്നും സ്വപ്നം പൂവണിഞ്ഞു

ഞാനിപ്പോൾ ഒരു വീടുവച്ചു. സ്വന്തമായി ഒരു വീടുണ്ടാകാൻ കാരണമായത് ജയ ജയ ജയ ജയ ഹേ എന്ന സിനിമയായിരുന്നു. ആ സിനിമയിൽ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ച് കുറച്ചു സ്ഥലം വാങ്ങി. ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവ തിരുമേനിയുടെ സഹോദരൻ പദ്ധതിയിൽ കിട്ടിയതാണ് വീട്. ഒരു തമിഴ് സിനിമയിൽ നിന്നുള്ള വരുമാനവും ചേർത്താണ് വീട് പണിതത്. പാലുകാച്ചിന് വിപിൻ ദാസും ഭാര്യയും കുഞ്ഞും വന്നിരുന്നു.

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം

സ്പൈഡർ ഹൗസ് എന്ന സിനിമയിൽ ചെമ്പഴന്തി ചന്ദ്രബാബു ആണ് ആദ്യമായി സിനിമയിൽ അവസരം നൽകിയത്. അതിനു ശേഷം ഭാഗ്യമായി കിട്ടിയത് ജയ ജയ ജയ ജയ ഹേ. പക്ഷേ ആ സിനിമയ്ക്ക് ശേഷം മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും കിട്ടിയില്ല. അതിൽ വിഷമമുണ്ട്. കമ്മ്യൂണിസ്റ്റ് പച്ച, ഗരുഡകല്പ, അകത്തേക്ക് തുറക്കുന്ന ജാലകം, റിബൺ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സൂപ്പർ ജെമിനി എന്ന സിനിമ ചെയ്തു, അത് ഉടനെ റിലീസ് ആകും. ആ സിനിമയിൽ സീമ ജി. നായരുടെ അമ്മയാണ് ഞാൻ. ടോപ് സിങ്ങറിലെ മീനാക്ഷി എന്റെ കൊച്ചുമോൾ ആയി അഭിനയിക്കുന്നു. വളരെ നല്ല ഒരു റോളാണ് ആ സിനിമയിൽ. ധ്യാൻ ശ്രീനിവാസന്റെ അമ്മയായി ഒരു സിനിമ ചെയ്തു. ബാദുഷ, ഇന്ദ്രജിത്ത്, അനശ്വര ടീമിന്റെ ഒരു സിനിമയും ചെയ്തു. എറണാകുളം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കുറെ കലാകാരൻമാർ ഒരുമിച്ച് ചെയ്യുന്ന നദി എന്ന സിനിമയിൽ ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നു.

ഇനി കനകം തമിഴ് പേസപ്പോരെ

തമിഴിൽ ‘കാല’ സിനിമയിൽ രജനികാന്തിന്റെ മകനായി അഭിനയിച്ച മണികണ്ഠന്റെ അമ്മയായി ഒരു സിനിമ ചെയ്തിട്ടുണ്ട്. ഗുരു സോമസുന്ദരം എന്റെ മരുമകൻ ആണ്. അതാണ് ഞാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ. അടിപൊളി കഥാപാത്രമാണ്, രോമാഞ്ചം നിറഞ്ഞ ഡയലോഗുകളും ഉണ്ട്. പ്രസന്ന എന്ന തിരക്കഥാകൃത്തിന്റെ രചനയിൽ രാജേഷ് സംവിധാനം ചെയ്യുന്ന സിനിമയാണത്. 45 ദിവസം മറ്റൊരാൾ ചെയ്ത കഥാപാത്രം ഒഴിവാക്കി, എന്നെ ചേർക്കാൻ തീരുമാനിച്ചത്. ഏറെ സംതൃപ്തിയോടെ ചെയ്ത കഥാപാത്രമാണത്. സിനിമ റിലീസ് ചെയ്ത് കാണാൻ കാത്തിരിക്കുന്നു.