സിനിമയിൽ മതവും രാഷ്ട്രീയവും കലർത്തരുത് – ബാബു രാജ്

Posted by

തല്ലു കൊണ്ടും കൊടുത്തും മലയാള സിനിമയുടെ ആസ്ഥാന ഗുണ്ടയായി മൂന്നു പതിറ്റാണ്ടായി സിനിമയോടൊപ്പമുണ്ട് നടൻ ബാബുരാജ്. മസിൽ പെരുപ്പിക്കുന്ന വില്ലൻ വേഷങ്ങൾ മാത്രമല്ല ഹ്യൂമറും തനിക്ക് അനായാസമായി വഴങ്ങുമെന്നു ബാബുരാജ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ലിറ്റിൽ ഹാർട്സ് എന്ന സിനിമയിൽ പ്രണയ നായകനായി പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി എത്തുകയാണ് ബാബുരാജ്. ഷെയ്ൻ നിഗം അവതരിപ്പിച്ച സിബിയുടെ അപ്പൻ ബേബിയായി പ്രണയവും വിരഹവും ദുഃഖവും നർമ്മവും എല്ലാം കയ്യടക്കത്തോടെ അവതരിപ്പിച്ച് സിനിമയുടെ നട്ടെല്ലായി മാറുകയാണ്. ലിറ്റിൽ ഹാർട്സിനെക്കുറിച്ച് നല്ല പ്രതികരണങ്ങൾ വരുമ്പോഴും ബാബുരാജിന് ഒരേ പറയാനുള്ളൂ, “സിനിമയിൽ മതവും രാഷ്ട്രീയവും കലർത്തരുത്.” പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ബാബുരാജ് മനോരമ ഓൺലൈനിനോട്.

സിനിമ കണ്ട ഉണ്ണി മുകുന്ദൻ പറഞ്ഞത്

ലിറ്റിൽ ഹാർട്സിന് ഗംഭീര പ്രതികരണങ്ങളാണ് കിട്ടുന്നത്. സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയോട് താരതമ്യം ചെയ്താണ് പലരും പറയുന്നത്. ആദ്യം എന്നോട് അതു പറഞ്ഞത് ഉണ്ണി മുകുന്ദൻ ആണ്. ഞാൻ ആദ്യമായി ടീസർ ഉണ്ണിക്ക് അയച്ചപ്പോൾ ഉണ്ണി എനിക്ക് വോയ്‌സ് മെസജ് അയച്ചു. “ചേട്ടാ, ആ കഥാപാത്രത്തിന് സാൾട്ട് ആൻഡ് പെപ്പറിന്റെ ഒരു സാദൃശ്യം വരുന്നുണ്ട്,” എന്നായിരുന്നു ഉണ്ണിയുടെ വാക്കുകൾ. ഇപ്പോൾ തിയറ്ററിലൊക്കെ പോകുമ്പോഴും എല്ലാവരും അതുതന്നെ പറയുന്നു. പ്രായമായവരുടെ പ്രണയം, കുട്ടികളുടെ പ്രണയം, പിന്നെ ഇപ്പോൾ സമൂഹം ചർച്ച ചെയ്യുന്ന മറ്റൊരു പ്രണയം, അങ്ങനെ സിനിമയിൽ എല്ലാം ഉണ്ട്. വളരെ ലളിതമായി ആയിട്ടെങ്കിലും കാലികപ്രസക്തിയുള്ള വലിയൊരു വിഷയം ആണ് സിനിമയിൽ പറയുന്നത്. അത് പറയാൻ ധൈര്യം കാണിക്കുന്നത് ചെറിയ കാര്യമല്ല.

സംവിധായകർ ആന്റോയും എബിയും COVID സമയത്ത്

ഈ കഥ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് അതിൽ നായകനായി വേറെ ഒരാളെ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. പിന്നെ COVID കഴിഞ്ഞ് സാന്ദ്ര എന്നെ വിളിച്ചു. “ചേട്ടാ, ഒരു ഗംഭീര സബ്ജെക്റ്റ് ഞാൻ കേട്ടു. ചേട്ടന് അത് ചെയ്യാൻ പറ്റും,” എന്ന് പറഞ്ഞു. കഥ കേട്ടപ്പോൾ ഞാൻ പറഞ്ഞു, അവർ എന്നോട് ഇത് മുൻപ് പറഞ്ഞിട്ടുണ്ട്. സാന്ദ്ര ഈ സിനിമ ഏറ്റെടുത്തതോടെ ഞങ്ങൾ ഒരേ മനസ്സോടെ ലിറ്റിൽ ഹാർട്സിനൊപ്പം കൂടി.

കഥാപാത്രം ഏതായാലും പേടിയില്ലാതെ ചെയ്യും

വളരെ ഈസിയായി ജീവിതത്തെ കാണുന്ന ഒരു സാധാരണ ഏലം കൃഷിക്കാരൻ ആണ് ബേബി എന്ന കഥാപാത്രം. ഈ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്ന സംശയമൊന്നും ഇല്ലായിരുന്നു. ഏതു കഥാപാത്രമായാലും സിനിമ ചെയ്യണം എന്നു മാത്രം ആഗ്രഹിച്ചു നടക്കുന്ന ആൾക്കാരാണ് നമ്മളൊക്കെ. പത്തുപതിനഞ്ചു വർഷത്തോളം തല്ലുകൊണ്ടും, ഡയലോഗ് ഇല്ലാതെയുമൊക്കെ അഭിനയിച്ചിട്ട്, എന്നെ തന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചു നടക്കുന്ന ആളാണ് ഞാൻ. എന്നിലേക്ക് വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല. ഒരു ഈഗോയും ഇല്ലാതെ കൊടുക്കൽ വാങ്ങലിലൂടെ ചെയ്ത ഒരു സിനിമയാണ് ഇത്. സ്ക്രിപ്റ്റിന് അപ്പുറത്തേക്ക് വർക്ക് ഔട്ട് ചെയ്ത് പലതും കയ്യിൽ നിന്ന് ഇട്ടിട്ടുണ്ട്. സിനിമയിൽ ഒരു ഫാൻ കറങ്ങുമ്പോൾ സംസാരിക്കുന്ന സീക്വൻസ് ഉണ്ട്. അത് ഞാനും ഷെയ്‌നും അവിടെ വച്ച് തീരുമാനിച്ചു ചെയ്തതാണ്. പിന്നെ ചമ്മലോടെ ചെയ്ത കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു, ഷർട്ട് ഇല്ലാതെ ഒക്കെ ചെയ്യുന്നതും, വർക്കൗട്ട് ചെയ്യുന്നതുമൊക്കെ.

പ്രേക്ഷകരെ ചിരിപ്പിക്കാൻ അത്ര എളുപ്പമല്ല

അപ്പനും മകനുമായി അഭിനയിക്കുന്നത് ഷെയ്ൻ നിഗത്തിന് ഒപ്പമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി. കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ് അവനെ. അബി എന്റെ അടുത്ത സുഹൃത്തായിരുന്നു. ഷെയ്‌നും ഞാനും താമസിക്കുന്നത് ഒരു കാരവാന്റെ അപ്പുറവും ഇപ്പുറവുമായിരുന്നു. സംവിധായകർ സ്ക്രിപ്റ്റുമായി വരുമ്പോൾ കാരവാനിടയിലെ വാതിൽ തുറന്ന് ഒരുമിച്ചിരുന്നു ഞങ്ങൾ ചർച്ച ചെയ്യും. പിന്നെ ഞങ്ങൾക്ക് സൗകര്യമുള്ള രീതിയിൽ ഡയലോഗുകൾ മാറ്റി തീരുമാനിച്ചാണ് ക്യാമറയ്ക്ക് മുന്നിലേക്ക് പോകുന്നത്. മാക്സിമം ചിരി സൃഷ്ടിക്കുന്ന രീതിയിൽ ചെയ്യുക എന്നതാണ് ഉദ്ദേശം. മറ്റെന്തു ചെയ്യുന്നതിനേക്കാളും പ്രേക്ഷകരെ ചിരിപ്പിക്കാൻ ആണ് വലിയ ബുദ്ധിമുട്ട്. ചിരി മാത്രമല്ല സെന്റിമെന്റ്സ് ഉണ്ട്, പ്രണയമുണ്ട്, സീരിയസ് ആകുന്നുണ്ട്, എല്ലാമുണ്ട് ഈ സിനിമയിൽ.

വെള്ളമടിച്ചാൽ अभिनयിക്കാൻ പറ്റില്ല

ബേബി എന്നും വെള്ളമടിക്കുന്ന ആളാണ്. ക്‌ളൈമാക്‌സ് മുഴുവൻ വെള്ളമടിച്ചു നടക്കുന്ന കഥാപാത്രമായി ചെയ്യണം. അത് ശരിയാകുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. ഞാൻ സംവിധായകരോട് ചോദിച്ചു, ‘അത് അങ്ങനെ തന്നെ വേണോ?’ അവർ പറഞ്ഞു, ‘ചേട്ടാ, അത് അങ്ങനെ തന്നെ വേണം.’ അഞ്ചു ദിവസം കൊണ്ട് എടുത്ത ക്‌ളൈമാക്‌സ് ആണ്. ആ അഞ്ചു ദിവസവും ഇതേ മൂഡ് നിലനിർത്തണം. അതു വലിയ പണി ആയിരുന്നു. റിയാലിറ്റി തോന്നാൻ രണ്ടെണ്ണം അടിച്ചിട്ട് മദ്യപാനിയുടെ വേഷം ചെയ്യാൻ പറ്റില്ല. ഞാൻ ജോജി ചെയ്യുമ്പോഴും കള്ളുകുടിക്കുന്ന സീൻ വരുമ്പോൾ ഞാൻ കള്ളു കുടിക്കില്ല. കള്ളുകുടിക്കാതെ ചെയ്യുമ്പോഴാണ് ശരിയാവുക. രണ്ടെണ്ണം അടിച്ചതിന്റെ മൂഡും, അടിച്ചു ഫിറ്റ് ആകുന്നതിന്റെ മൂഡും, എത്ര അടിച്ചാലും ഒരു കുഴപ്പവുമില്ലാതെ നിൽക്കുന്ന മൂഡും വ്യത്യസ്തമാണ്. ജോജിയിൽ അപ്പൻ കഥാപാത്രം മരിച്ചു കിടക്കുമ്പോൾ പടക്കം പൊട്ടിക്കാൻ തയാറെടുക്കുന്ന എന്റെ കഥാപാത്രത്തെ തടയാൻ ഷമ്മി തിലകന്റെ കഥാപാത്രം വരുന്നുണ്ട്. അദ്ദേഹത്തോട് എന്റെ ഒരു ഡയലോഗുണ്ട്, “ഒറ്റ വരി പൊട്ടിച്ചോട്ടെ,” എന്ന്. എന്റെ ആ കഥാപാത്രം അടിച്ചു ഫിറ്റാണ്. എന്നാലും മാന്യനായിട്ട് നിൽക്കുകയാണ്. ആ ഒരു മൂഡൊക്കെ പിടിക്കണമെങ്കിൽ നമ്മൾ കഴിച്ചാൽ പറ്റില്ല. കള്ള് കുടിക്കാറുണ്ട്. പക്ഷേ, അഭിനയിക്കുമ്പോൾ കഴിക്കില്ല.

മനസ്സിൽ എന്നും പ്രണയമുണ്ട്

പ്രണയം അഭിനയിക്കാൻ ബുദ്ധിമുട്ട് ഒന്നുമില്ല. നമ്മുടെ മനസ്സിൽ എപ്പോഴും പ്രണയമുണ്ടല്ലോ. അത് പ്രകടിപ്പിക്കാൻ ഒരാളെ കിട്ടുക എന്നുള്ളതാണ് പാട്. ഒപ്പം അഭിനയിക്കുന്ന ആളുടെ റിയാക്ഷൻ കൂടി നന്നായാലേ ഏത് സീനും ശരിയാകു. രമ്യ സുവി ആണ് എന്റെ കാമുകി സിസിലി ആയി അഭിനയിച്ചത്. രമ്യ ആ വേഷം വളരെ നന്നായി ചെയ്തു. പുള്ളിക്കാരിയുടെ കാര്യം രസമാണ്. നമ്മൾ എന്തു പറഞ്ഞാലും രമ്യയ്ക്ക് പെട്ടെന്ന് കത്തില്ല. അതിനു നമ്മൾ അവരെ കളിയാക്കും. പ്രണയം വളരെ ഭംഗിയാകാൻ കാരണം രമ്യ കൂടി ആണ്. വളരെ മനോഹരമായ പ്രണയം മാത്രമാണ് കാണിക്കുന്നത്. അതിൽ കാമം ഒട്ടുമില്ല. അത് വളരെ ബുദ്ധിമുട്ടാണ് ചെയ്യാൻ. നമ്മുടെ ഭാവം ഒരൽപം മാറിപ്പോയാൽ അർഥവും മാറിപ്പോകും. കാമവും പ്രണയവും തമ്മിലുള്ള അതിർവരമ്പ് തകരാതിരിക്കാൻ രണ്ടുപേരും നന്നായി ശ്രദ്ധിച്ചു. പരിശുദ്ധമായ പ്രണയം മാത്രമാണ് ഇരുവരും തമ്മിലുള്ളത്. വളരെ ആസ്വദിച്ചു ചെയ്ത സീനുകളാണ് അത്. ഞങ്ങളുടെ ഒരു പാട്ട് റിലീസ് ചെയ്തപ്പോൾ തന്നെ ഒരുപാട് അഭിപ്രായങ്ങൾ വന്നതാണ്. ഞങ്ങൾ ഒരുമിച്ചുള്ള കോംബോ വളരെ നന്നായിട്ടുണ്ട് എന്ന് എല്ലാവരും അന്നേ പറഞ്ഞിരുന്നു.

രഞ്ജി പണിക്കർ എനിക്ക് ഗുരു തുല്യൻ

രഞ്ജി പണിക്കർ എനിക്ക് ഗുരുവിനെ പോലെയാണ്. എനിക്ക് ആദ്യമായി വയറു നിറച്ച് ഡയലോഗ് തന്നത് അദ്ദേഹം. ജോഷി സാറിന്റെ ‘പ്രജ’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഞാൻ ആദ്യമായി ഡബ്ബ് ചെയ്തത്. അതു തന്നത് അദ്ദേഹം. അന്ന് ജോഷി സാറിന്റെ കുക്ക് അവിടെ ഇല്ല. അദ്ദേഹത്തിന് ഞാനായിരുന്നു അന്ന് ഭക്ഷണം ഉണ്ടാക്കികൊടുത്തത്. ജോഷി സാർ പറഞ്ഞിട്ടാണ് അന്ന് ആ കഥാപാത്രം എനിക്ക് ലഭിച്ചത്. ‘നീ ഒരാഴ്‌ച ഇവിടെ നിൽക്ക്’ എന്നു പറഞ്ഞു, ഒരാഴ്‌ച കൊണ്ടാണ് അത് ഡബ്ബ് ചെയ്തത്. ഈ സിനിമയിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. എത്രയോ വർഷമായി സിനിമയിലുള്ള ആളാണ്