നടന്മാർ സിനിമ നിർമ്മിക്കുന്നതിനെ ചോദ്യം ചെയ്യുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടിനെ പിൻതള്ളി നടൻ ഉണ്ണി മുകുന്ദൻ. തന്റെ പണം കൊണ്ട് തനിക്കിഷ്ട്ടമുള്ള സിനിമകൾ നിർമ്മിക്കുമെന്നും, അതിനെ ആരും ചോദ്യം ചെയ്യാതിരിക്കുന്നതാണ് ഒരാളോട് കാണിക്കേണ്ട മാന്യതയെന്നുമാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലായിരുന്നു താരത്തിന്റെ ഈ പ്രതികരണം.
നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് താൻ നിർമ്മാതാവായത്. തന്റെ പണം കൊണ്ട് തന്റെ ഇഷ്ടത്തിനനുസരിച്ചുള്ള സിനിമ ചെയ്യും. അത് എന്റെ അവകാശമാണ്. ആ പണം എങ്ങനെ വിനിയോഗിക്കുന്നു എന്നത് എന്നോട് ആരും ചോദിക്കേണ്ട കാര്യമില്ല.
ഞാൻ നിർമ്മിച്ച സിനിമകളും നല്ലതാണന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന്റെ ലാഭവും നഷ്ടവും മറ്റുള്ളവർ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഒരു നടൻ സിനിമ നിർമ്മിക്കാൻ പാടില്ല എന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. സിനിമ ഒരു തുറന്ന ഇടമാണ്. അവിടെ ആർക്കും സിനിമ ചെയ്യാം. സീറോ ബജറ്റിലും പുതിയ ആളുകളെ വെച്ചുമൊക്കെ സിനിമ ചെയ്യാൻ സാധിക്കും
ഈ ഇൻഡസ്ട്രിയിൽ ഇന്ന ആളുമാത്രമേ സിനിമ ചെയ്യാൻ പാടുള്ളു എന്ന് എവിടെയും എഴുതി വെച്ചിട്ടില്ല എന്നത് വാസ്ഥവമാണ്. മറ്റു പല മേഖലകളിൽ നിന്നും ജോലി രാജി വെച്ച് സിനിമ ചെയ്യാൻ വരുന്ന ആളുകൾ ധാരാളം ഉണ്ട്. താൻ പോലും സിനിമ പഠിച്ചിട്ടുവന്ന ഒരാളല്ല. പ്രൊഡക്ഷൻ എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ജീവിതാനുഭവങ്ങളിലൂടെയാണ് ഇതൊക്കെ ഞാൻ പഠിച്ചത്. ഞാൻ അധികം പ്രതിഫലം വാങ്ങാറില്ല. ഏകദേശം അഞ്ചു വർഷത്തോളമായി തന്റെ പ്രൊഡക്ഷൻ കമ്പനിയിലാണ് താൻ വർക്ക് ചെയ്യുന്നതെന്നുമാണ് ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയത്.