നടി ഗൗതമി നായരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ചില താരങ്ങള്‍ അഭിമുഖങ്ങളില്‍ പ്രതികരിക്കുന്ന രീതിയെ വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു ഗൗതമിയുടെ പോസ്റ്റ്. പ്രസ്തുത പോസ്റ്റ് താരം പിന്നീട് പിന്‍വലിച്ചുവെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മീഡിയ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും കുറച്ച് കൂടി ദയയും ബഹുമാനവും കാണിച്ച് ആളുകളോട് പെരുമാറാന്‍ ശ്രമിക്കാമെന്നാണ് ഗൗതമി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട കുറിപ്പില്‍ പറഞ്ഞത്. നടിയുടെ കുറിപ്പ് വൈറലായതോടെ ഗൗതമി ഉദ്ദേശിച്ചത് നിഖില വിമലിനെയാണെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. താരങ്ങള്‍ സിനിമാ പ്രമോഷനായി എത്തുമ്പോള്‍ അഭിമുഖത്തിന് എത്തുന്ന ഓണ്‍ലൈന്‍ മീഡിയ അവതാരകര്‍ സ്വകാര്യതയിലേക്ക് കടന്ന് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ മുമ്പും വിവാദങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം ചോദ്യങ്ങളോടുള്ള തന്റെ നിലപാട് നിഖല വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഗൗതമി പോസ്റ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും താരത്തിന്റെ നിലപാടിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
‘ഇവര്‍ നിഖിലയുടെ മാത്രം ആണോ ഇന്റര്‍വ്യൂസ് കാണുന്നത് ?ഇതിലും മോശം രീതിയില്‍ മറുപടി കൊടുക്കുന്ന, ഒരു ബന്ധവും ഇല്ലാത്ത കോപ്രായങ്ങള്‍ കാണിക്കുന്ന കുറെ പേരുണ്ട്, ഇന്റര്‍വ്യൂ ചെയുന്ന ആളെ തെറി വിളിക്കുക വേറെ എന്തേലും ഒക്കെ പറയുക, അതൊന്നും ഇവര്‍ കാണുന്നില്ല. അതോ എല്ലാരും നിഖിലയെ പറയുമ്പോ ഞാനും വലിയ പ്രസ്താവന പറഞ്ഞു മാസ്സ് ആവാം എന്നാണോ? നിഖില കുറച്ചു ഓവര്‍ ആയി റിപ്ലൈ കൊടുക്കും എന്നത് ഒഴിച്ച് ഇമ്മാതിരി കോപ്രായം, തെറി വിളി, അപമാനം ടൈപ് ഒന്നും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല’ എന്നാണ് സോഷ്യല്‍ ഒരാള്‍ കുറിച്ചിരിക്കുന്നത്. മറ്റൊരു പ്രതികരണം ഇങ്ങനെയാണ്: ‘ഇന്റര്‍വ്യുവില്‍ കൊടുക്കുന്ന മറുപടികള്‍ ആണ് വിഷയം.പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ആരെയാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസിലാവും,കാരണം കുറച്ച് ദിവസം കൊണ്ട് അത് തന്നെ ആണല്ലോ ചര്‍ച്ചാവിഷയം. പക്ഷെ ഈ ഒരാള്‍ക്ക് എതിരെ മാത്രം എന്തിന് ഇത്രയും വിമര്‍ശനം? മീഡിയ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തന്റെതായ മറുപടി നല്‍കുന്നു അത് ചിലപ്പോള്‍ ബാക്കി ഉള്ളവര്‍ക്ക് ദഹിക്കാത്തത് അവരുടെ കുഴപ്പമല്ല. ആ മറുപടികളുടെ വിശദീകരണം അവര്‍ തന്നിട്ടുമുണ്ട്. എന്നിട്ട് അതിനെ തറുതല,തഗ് എന്നൊക്കെയുള്ള രീതിയില്‍ ആളുകളിലേക്ക് എത്തിക്കുന്നതും ഇതേ മീഡിയ തന്നെ ആണ്.മീഡിയ അതില്‍ നിന്നും പ്രോഫിറ്റ് മാത്രം ഉണ്ടാക്കുന്നുള്ളു അവര്‍ക്ക് വേണ്ടതും അതാണ്. ആ മറുപടികളെ ബഹുമാനമില്ലായിമ ആയി പറയുന്നവര്‍ ഇതേ ഇന്‍ഡസ്ട്രിയില്‍ ഇന്റര്‍വ്യൂവില്‍ വന്നിരുന്ന് ഡബിള്‍ മീനിങ് തമാശകളും അശ്ലീലങ്ങളും പറയുന്ന ‘സ്വഭാവ’ നടന്മാരെ ചിരിച്ചു കൊണ്ട് കണ്ണടച്ച് വിടുന്നതും ഇവിടെ നടക്കുന്ന കാര്യമാണ്. ഇന്റര്‍വ്യൂവില്‍ വന്നിരുന്ന് പബ്ലിക് ആയി അശ്ലീലം പറയുന്നത് ബഹുമാനപൂര്‍വ്വം ചെയ്യുന്നതും ആളുകളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ വേണ്ടിയുള്ളതും ആയി മാറിയിട്ടില്ല എന്നാണ് വിശ്വാസം. പിന്നെ മീഡിയ നല്ല മറുപടികള്‍ പ്രതീക്ഷിച്ച് അവരുടെ ജോലി ചെയ്യുന്നു എന്ന് താഴത്തെ പോസ്റ്റില്‍ പറയുന്നുണ്ട്. ഈ നാട്ടില്‍ വിരലില്‍ എന്നാവുന്ന മീഡിയ ഒഴികെ ആരൊക്കെ ആണ് അവരുടെ ആ ‘ജോലി’ വേണ്ടവിധത്തില്‍ ചെയ്യുന്നത് ?കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടി എന്തും കണ്ടന്റ് ആക്കുകയും ഇന്റര്‍വ്യൂവിനിടയില്‍ ആരുടെയെങ്കിലും വായില്‍ നിന്നൊരു മണ്ടത്തരം വന്നാല്‍ അതും പബ്ലിഷ് ചെയ്യുന്ന മീഡിയ തിരിച്ചും അനാദരവ് തന്നെ അല്ലെ കാണിക്കുന്നത്? അതിനെതിരെ ഇങ്ങനെ എത്ര പ്രമുഖര്‍ പ്രതികരിച്ചു കണ്ടു?”.”ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ കണ്ടൂട എന്ന് പറയുന്നത് എത്ര ശരിയാണ് എന്ന് ഈ പോസ്റ്റ് പറയും. ഇവര്‍ ഇതില്‍ ഉദേശിക്കുന്നത് നിഖില വിമലിനെയാണ്. കൊണച്ച ചോദ്യങ്ങള്‍ക്ക് അല്ലാതെ നിഖില തര്‍ക്കുത്തരം പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞത് കൊണ്ടും, പെണ്ണ് ഉരുളയ്ക് ഉപ്പേരി എന്ന പോലെ മറുപടി പറയുന്നത് കൊണ്ടും ഇപ്പോള് വിമര്‍ശനം അവര്‍ നേരിടുന്നുണ്ട്. ഏത് ചോദ്യം ചോദിച്ചാലും തന്റേതായ കൃത്യമായ നിലപാട് അവര്‍ക്ക് പറയാന്‍ പറ്റുന്നുണ്ട്. ഇന്ന് എത്ര നടിമാര്‍ക്ക് ഇങ്ങനെ പറയാന്‍ പറ്റും?
നീലക്കുയില്‍ പോലെ ഉള്ള പെണ്ണുങ്ങളുടെ ശരീരത്തിന് ഉള്ളില്‍ വരെ ക്യാമറ കൊണ്ട് പോയി ഷൂട്ട് ചെയ്യുന്ന മീഡിയയ്ക്ക് എതിരെ നിഖില പറഞ്ഞ നിലപാട് പ്രശംസനീയമാണ്. ഇതൊന്നും ഇവിടുത്തെ ചില ആള്‍ക്കാര്‍ക്ക് പിടിക്കുന്നില്ല.. അതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് ഓണ്‍ലൈന്‍ മീഡിയയിലെ അവതരകരോട് സ്‌നേഹവുമായി വന്ന നടി ഗൗതമി നായര്‍. ഏറ്റവും കോമഡി അതല്ല, ഇംഗ്ലീഷില്‍ വായ്താളം അടിച്ച് ഡയലോഗും ടൈപ്പ് ചെയ്ത് മറുപടി കമന്റ് ബോക്‌സില്‍ കിട്ടിയപ്പോള്‍ കമന്റ് ബോക്‌സും പൂട്ടി ഓടി ഇവര്‍.
ഇവരെ പേഴ്‌സണല്‍ ആയിട്ട് ആരും അതില്‍ തെറി വിളിച്ചത് പോയിട്ട് ഒന്നും പറഞ്ഞത് പോലും ഇല്ല. വിമര്‍ശനങ്ങള്‍ സഹിക്കാന്‍ പറ്റില്ലെങ്കില്‍ ഇതുപോലെയുള്ള പ്രതികരണങ്ങള്‍ നടത്തരുത്. പൃഥ്വി പറഞ്ഞാല് ചങ്കുറപ്പ്. ആണത്തം, നിഖില പറഞ്ഞാല് തറുതല, അഹങ്കാരം!’ എന്നായിരുന്നു മറ്റൊരു കുറിപ്പ്.