സിദ്ദിഖിന് ജാമ്യം നൽകാത്തതിൽ സന്തോഷം.. രഹസ്യവിവരങ്ങൾ പുറത്തുവന്നതിൽ അതൃപ്തി;  പരാതിക്കാരി

Posted by

സിദ്ദിഖിന് മുൻകൂർജാമ്യം നല്‍കാത്തതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പരാതിക്കാരി. കേസ് നടക്കുന്നതുകൊണ്ട് കൂടുതല്‍ സംസാരിക്കാനില്ലെന്നും രഹസ്യമായി പറഞ്ഞ പല വിവരങ്ങളും പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നശിപ്പിക്കാന്‍ സിദ്ദിഖിന്റെ ഭാ​ഗത്ത് ശ്രമം നടക്കുന്നുണ്ട്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പരാതിയില്‍ നടപടി എടുത്ത സര്‍ക്കാരിനും അന്വേഷണ സംഘത്തിനും നന്ദിയുണ്ടെന്നും പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അഞ്ചുവർഷക്കാലം സർക്കാർ നടപടിസ്വീകരിക്കാത്തത് നിഗൂഢമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2019-ൽ റിപ്പോർട്ട് ലഭിച്ചിട്ടും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള മൗനമാണ് സർക്കാർ സ്വീകരിച്ചതെന്നാണ് കോടതി പറഞ്ഞത്.