മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് സംഭവം. സില്‍ക്ക് സ്മിത എന്ന ഐറ്റം ഡാന്‍സര്‍ കടിച്ച ഒരു ആപ്പിള്‍ ലേലം ചെയ്തപ്പോള്‍ ഒരു ആരാധകന്‍ അത് സ്വന്തമാക്കിയ തുക എത്രയെന്നോ? ഒരു ലക്ഷം രൂപ. അന്നത്തെ ഒരു ലക്ഷത്തിന് ഇന്ന് എത്ര കോടികള്‍ വിലമതിക്കുമെന്ന് മാത്രം കണക്കാക്കിയാല്‍ മതി.അതായിരുന്നു സ്മിതയുടെ ജനപ്രീതി. അന്ന് തെന്നിന്ത്യയിലെ ഏത് വലിയ സൂപ്പര്‍സ്റ്റാറിന്റെയും സിനിമകള്‍ വിജയിക്കുമെന്ന് ഉറപ്പാക്കുന്നതില്‍ സ്മിതയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. സ്മിതയുടെ ഐറ്റം ഡാന്‍സോ (അക്കാലത്ത് ക്യാബറെ എന്ന പേരിലാണ് ഇത്തരം രംഗങ്ങള്‍ അറിയപ്പെട്ടിരുന്നത്) അവരുടെ ഏതാനും സീനുകളിലെ സാന്നിധ്യമോ ഉണ്ടെങ്കില്‍ സിനിമ ഹിറ്റാകുമെന്ന വിശ്വാസം നിലനിന്നിരുന്നു. നിരവധി സിനിമകളുടെ വിജയത്തിലുടെ അത് യാഥാർഥ്യമാണെന്ന് സ്ഥാപിക്കപ്പെട്ടിരുന്നു.
സ്മിതയുടെ ഡേറ്റിനായി പറയുന്ന പ്രതിഫലം കൊടുക്കാന്‍ തയാറായി നിർമാതാക്കള്‍ കാത്തു നിന്നിരുന്നു. ലാസ്യഭാവം വഴിയുന്ന അവരുടെ കണ്ണുകളും ചുണ്ടും മുഖവുമെല്ലാം വല്ലാത്ത ഒരു തരം സെക്‌സ് അപ്പീലുളളതായിരുന്നു. കോടികണക്കിനായിരുന്നു സ്മിതയുടെ ആരാധകര്‍. അക്കാലത്ത് ഒരു നായികയ്ക്കു പോലും സങ്കൽപ്പിക്കാനാകാത്ത പ്രതീതി. സ്മിതയെ ഒന്ന് കാണാനും അവരുടെ ഒരു കടാക്ഷത്തിനുമായി ഓരോ ഷൂട്ടിങ് സെറ്റിലും തടിച്ചു കൂടിയവര്‍ക്ക് കയ്യും കണക്കുമില്ല. കാരവന്‍ സംസ്‌കാരം പ്രചാരത്തിലായിട്ടില്ലാത്ത അക്കാലത്ത് സ്മിതയെ ആരാധകരില്‍ നിന്ന് രക്ഷിക്കാനായി മാത്രം പോലീസ് സന്നഹനം ഉണ്ടായിരുന്നു. പല സിനിമകളിലും ഒരു സീനില്‍ മാത്രം വരുന്നതിന് അന്നത്തെ ഒരു നായികയേക്കാള്‍ വലിയ തുക അവര്‍ വാങ്ങിയിരുന്നതായി പറയുന്നു. ജോലി ചെയ്യാനും പണമുണ്ടാക്കാനും വിധിക്കപ്പെട്ട ഒരു യന്ത്രം എന്നതിനപ്പുറം അവരിലെ സ്ത്രീയെ സ്‌നേഹിക്കാൻ ആരുമില്ലായിരുന്നു എന്ന് സ്മിത പലരോടും പങ്കുവെച്ചിരുന്നു.തന്റെ മോഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും മുന്‍പ് 36-ാം വയസ്സില്‍ അവര്‍ക്ക് ജീവിതത്തിന്റെ പടിയിറങ്ങേണ്ടി വന്നു. അതും ദാരുണമായ ഒരു കൊലപാതകത്തിന്റെ ബലിയാടായി…എന്തായിരുന്നു സ്മിതയുടെ ജീവിതത്തില്‍ സംഭവിച്ചത്..?
1996 സെപ്റ്റംബര്‍ 22. രാത്രി 9 മണി. നടിയായ അനുരാധ ഷൂട്ടിങ് കഴിഞ്ഞ് രാത്രി വീട്ടില്‍ വന്ന് ഭര്‍ത്താവിനും മക്കൾക്കും ഭക്ഷണം ഉണ്ടാക്കികൊണ്ടിരിക്കുമ്പോഴാണ് സ്മിതയുടെ കാൾ അനുരാധക്ക് വരുന്നത്. നീ എന്റെ വീട്ടിലേക്ക് ഒന്ന് വരാമോയെന്ന് സ്മിത ചോദിക്കുകയും രാവിലെ വരാം എന്ന് അനുരാധ റിപ്ലൈ കൊടുക്കുകയുമായിരുന്നു.രാവിലെ പതിവു പോലെ വീട്ടുജോലികള്‍ തീര്‍ത്ത് കുട്ടികളെ സ്‌കൂളിലാക്കിയ ശേഷം സ്മിതയുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോയാണ് ടിവിയിലെ വാർത്തയിൽ സിൽക്ക് സ്മിതയുടെ ആത്മഹത്യ വാർത്ത അനുരാധ കാണുന്നത്.
തകര്‍ന്നു പോയ അനുരാധ നിലത്തേക്ക് വീഴാതെ ഭര്‍ത്താവ് ഓടിച്ചെന്ന് താങ്ങിപ്പിടിച്ചു.ഇന്നലെ രാത്രി സ്മിത വിളിച്ചപ്പോള്‍ ആ വീട്ടില്‍ പോയിരുന്നെങ്കില്‍ അടുത്ത കൂട്ടുകാരിയായ അവള്‍ക്ക് ഇങ്ങനെ സംഭവിക്കിലായിരുന്നു എന്ന കാര്യം അനുരാധയെ വേട്ടയാടിയിരുന്നു. ആത്മഹത്യ എന്ന നിഗമനത്തിലെത്തിയ പൊലീസ് സ്മിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതകളെക്കുറിച്ച് കാര്യമായ അന്വേഷണം നടത്തിയില്ല.എന്ത് തന്നെയായാലും കോടിക്കണക്കിന് ആരാധകരെ വേദനയിലാഴ്ത്തി കൊണ്ടാണ് അവര്‍ ജീവിതത്തിന്റെ പടിയിറങ്ങിയത്.നിര്‍മാതാക്കള്‍ക്ക് കോടാനുകോടികള്‍ വരുമാനം ഉണ്ടാക്കി കൊടുത്തിരുന്ന അക്ഷയഖനിയായിരുന്നു വാസ്തവത്തില്‍ സ്മിത. പക്ഷേ ഒരു കരിക്കട്ടയുടെ പോലും വിലയില്ലാത്ത വിധം ശൂന്യമായിരുന്നു അവരുടെ വ്യക്തിജീവിതം. അത് തിരിച്ചറിഞ്ഞ നിമിഷം അവര്‍ സ്വയം അവസാനിപ്പിച്ചതാവാം. അല്ലായിരിക്കാം. എന്തു തന്നെയായാലും ഇനി സ്മിതയില്ല.