കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ, ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരം സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ 2017 ജൂലൈയിൽ സർക്കാർ നിയോഗിച്ച കമ്മിറ്റി 2019 ഡിസംബറിലായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത് . വിവിധ സമ്മർദ്ദങ്ങൾക്കു വഴങ്ങി പുറത്തുവിടാതെയിരുന്ന റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരമാണ് സാംസ്കാരിക വകുപ്പ് തിങ്കളാഴ്ച അപേക്ഷകർക്കു കൈമാറിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ സിനിമയിൽ പ്രവർത്തിക്കുന്ന വനിതകളുടെ സ്വാഭിമാനത്തെ മാത്രമല്ല, സാംസ്കാരിക കേരളത്തിന്റെ മൂല്യബോധത്തെത്തന്നെ ചോദ്യംചെയ്യുന്ന കാര്യങ്ങൾ ഈ മേഖലയിൽ നടക്കുന്നുവെന്നു റിപ്പോർട്ട് പറയുമ്പോൾ അതുണ്ടാക്കുന്ന മുഴക്കം വലുതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാലത്തിൽ ഭാഗ്യലക്ഷ്മി മനോരമ ഓൺലൈൻ ‘ഷീ ടോക്സിൽ’ പ്രതികരിക്കുന്നു.
യഥാർഥത്തിൽ സിനിമയിലെ സ്ത്രീകളെ സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു കമ്മിറ്റിയാണിത്. പക്ഷേ, ആ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തേക്കു വന്നപ്പോൾ മാധ്യമങ്ങളിൽ എഴുതി വരുന്ന വാക്കുകൾ കേൾക്കുമ്പോഴാണ് ഭയവും ഒപ്പം സങ്കടവും തോന്നുന്നത്. കാരണം ഒരുപാട് നായികമാർ അവരുടെ സ്വപ്രയത്നം കൊണ്ട് കഴിവു കൊണ്ട് മുൻപോട്ടു വന്നവരാണ്. പക്ഷേ ‘കിടന്നു കൊടുക്കാതെ’ മലയാള സിനിമയിൽ അവസരം കിട്ടില്ല എന്ന വാക്കൊക്കെ പ്രയോഗിക്കുമ്പോൾ അതു മുഴുവൻ ഫീൽഡിലെയും സ്ത്രീകളെയാണ് ഇത് ബാധിക്കുന്നത്. എനിക്ക് പറയാനുള്ളത് സ്ത്രീ എവിടെയുണ്ടോ അവിടെ ചൂഷണം ഉണ്ട്. അത് എല്ലാ തൊഴിലിടങ്ങളിലും സംഭവിക്കുന്ന ഒന്നാണ്.
സിനിമയിൽ അത് കുറച്ചു കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നു എന്നുള്ളതാണ്. യഥാർഥത്തിൽ ഈ പറയുന്നതുപോലെ ഇവിടെയുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളെ ഇങ്ങനെ ദ്രോഹിക്കുന്നവരൊന്നുമല്ല. ഇവിടെ ചില ആളുകൾ ഉണ്ട്. ആ ആളുകൾ പല വിഭാഗങ്ങളിലും ഉണ്ട്. താഴേക്കിടയിലുള്ളവർ മുതൽ മുകളിലുള്ളവർ വരെ അതിന്റെ ഒരു ഭാഗമാണ്. പക്ഷേ ഞാൻ പലപ്പോഴും സിനിമയിലുള്ള സ്ത്രീകളോട് പറയുന്നത് നമ്മൾ എവിടെ ചെന്നാലും നമ്മളെ ചൂഷണം ചെയ്യാൻ നോക്കി നിൽക്കുന്ന ഒരുപാട് ആളുകളുണ്ടാവും നമുക്കു ചുറ്റും. നല്ലവരും ഉണ്ടാകാം. ചിലപ്പോൾ ഇവനും ഇങ്ങനെയാണോ എന്നു വിചാരിക്കുന്നവർ ചിലപ്പോൾ നല്ല മനുഷ്യനായിരിക്കും.
അതേസമയം നല്ല മനുഷ്യനാണെന്ന് വിചാരിക്കുന്നവർ നമ്പർ വൺ ഫ്രോഡ് ആയിരിക്കും. നമ്മൾ എപ്പോഴും കെയർഫുൾ ആയിരിക്കുക എന്ന് ഞാനെപ്പോഴും പറയാറുണ്ട്. ആദ്യത്തെ സിനിമയിൽ ചെല്ലുമ്പോൾ ഒരു കാലഘട്ടത്തിൽ ചിലര്ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അന്നും അതിനെ എതിർത്ത് നിന്നവരൊക്കെ ഉണ്ട്. പക്ഷേ, സ്വാഭാവികമായും അവർ ആ പടത്തിൽ നിന്ന് മാറ്റി നിർത്തപ്പെടും. കഴിവുള്ളവരാണെങ്കിൽ എന്നെങ്കിലും ഒരിക്കൽ അവർ തിരിച്ചു വരും. അന്നത്തെ കാലത്ത് പലരും കുടുംബ പ്രാരാബ്ധം മൂലം സിനിമയിലേക്ക് വന്നവരായിരുന്നു. കുടുംബത്തെ രക്ഷിക്കണം, സഹോദരങ്ങളുണ്ട് അവരെ നോക്കണം എന്നൊക്കെയുള്ള പല പല ബുദ്ധിമുട്ടുകൾ അവർക്കുണ്ടായിരുന്നു.
പക്ഷേ, ഞാൻ ഹീറോയിൻ വോയിസ് ചെയ്തു തുടങ്ങിയ കാലത്ത് ശോഭന, രേവതി, കാർത്തിക, പാർവതി, ഉർവശി അതിനുശേഷം വന്ന സംയുക്ത ഇവരൊക്കെ നല്ല വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. അപ്പോൾ നല്ല കോൺഫിഡൻസോടു കൂടിയാണ് ഈ ഇൻഡസ്ട്രിയിലേക്കു വരുന്നത്. അവരെല്ലാം സാമ്പത്തികമായി ഉന്നത നിലവാരത്തിൽ ജീവിക്കുന്നവരാണ്. അങ്ങനെയുള്ളവരാണ് സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഇതിലേക്കു വന്നത്. അവരെയൊക്കെ ഈ ഒരു പ്രസ്താവനയോടു കൂടി അടച്ച് അപമാനിക്കുന്നതു പോലെ എനിക്കു തോന്നുന്നു എന്നാണ് ഭാഗ്യലക്ഷി പറയുന്നത്.