എറണാകുളം കലൂര്‍ സ്റ്റേഡിയത്തിലെ 15 അടി ഉയരമുള്ള താത്കാലിക വേദിയില്‍നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകരെ വിമര്‍ശിച്ച് സംവിധായകന്‍ എം.എ. നിഷാദ്. അപകടം നടന്നിട്ടും അത് വക വെക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവന്റ് മാനേജേഴ്‌സുമാണ് ഇതിലെ പ്രധാന പ്രതികളെന്നാണ് അദ്ദേഹം പറഞ്ഞത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും, മാത്രമല്ല സമൂഹ നൃത്തത്തില്‍ ഒരാളെ മാത്രം ഫോക്കസ് ചെയ്ത് മറ്റ് നര്‍ത്തകിമാരെ പശ്ചാത്തലത്തിൽ നൃത്തം ചെയ്യിപ്പിച്ച രീതിയും കേരളത്തിന്റെ പൈതൃകത്തിന് ചേർന്നതല്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് എം.എ. നിഷാദ് ഇക്കാര്യം പറഞ്ഞത്. "
ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
എംഎല്‍എ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് പ്രാർത്ഥന. പക്ഷെ ചില ചോദ്യങ്ങള്‍ക്ക്, ആളുകൾക്ക് ഉത്തരം കിട്ടിയേ മതിയാവു. ഗിന്നസ്ബുക്കില്‍ ഇടം നേടാന്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടിയിൽ , അക്ഷരാര്‍ത്ഥത്തില്‍ 'മൃഗീയ നാടകം' ആയിരുന്നു എന്ന് നമുക്ക് പറയാം. സമൂഹ നൃത്തത്തില്‍ ദിവ്യാ ഉണ്ണിയെ ഫോക്കസ് ചെയ്ത് മറ്റ് നര്‍ത്തകിമാരെ, പുറകിൽ നിർത്തി നൃത്തം ചെയ്യിപ്പിച്ച രീതി തികച്ചും അപലപനീയമാണ്.
ഒരപകടം നടന്നിട്ടും അത് വക വെക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവെന്ററെ മാനേജേഴ്‌സു ഇതിലെ പ്രധാന പ്രതികളാണ്. അവരുടെ പേരുകള്‍ പുറത്ത് വിടുക തന്നെ ചെയ്യണം. ആരൊക്കെയാണ് ഈ പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയാനുളള അവകാശം സമൂഹത്തിനുണ്ട് അതുപോലെ ഒരു നര്‍ത്തകിയുടെ കൈയ്യില്‍ നിന്നും എത്ര രൂപ വാങ്ങി എന്ന കണക്കും പുറത്ത് വന്നിട്ടുണ്ട്.ഇതിൽ നിന്നും, ഇതിന്റെ പുറകിലെ കച്ചവട ലക്ഷ്യം പുറത്തറിയണം എന്നിങ്ങനെ പോകുന്നു കുറിപ്പ്.