സുരേഷ് ഗോപി ഇനി 'കടുവാക്കുന്നേല്‍ കുറുവച്ചന്‍'; 'ഒറ്റകൊമ്പൻ ഷൂട്ടിംഗ് തുടങ്ങി

സുരേഷ് ഗോപി വീണ്ടും മാസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം സെൻട്രൽ ജയില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചത്. ചലച്ചിത്ര പ്രവർത്തകരും അണിയറക്കാരും പങ്കെടുത്ത ചടങ്ങിൽ
പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങ് തുടങ്ങിയത് . തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ചേർന്ന് ചടങ്ങ് തീർക്കുകയായിരുന്നു.മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണം തുടങ്ങിയത് . 
മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനായി മാറുന്നത് . കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ എന്നത് മറ്റൊരു പ്രത്യേകതയാണ്. ചോരത്തിളപ്പിനോടൊപ്പം കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിനനുയോജ്യമായ രീതിയിലാണ് കറുവച്ചൻ്റ ജീവിത യാത്രകൾ. ഈ യാത്രയ്ക്കിടയിൽ സംഘർഷങ്ങളും പ്രതിസന്ധികളും ഏറെ താണ്ടിയിട്ടുണ്ട് . അതിനെയെല്ലാം ചോരത്തിളപ്പിൻ്റെ പിൻബലത്തിലൂടെ നേരിടുമ്പോൾത്തന്നെ ബന്ധങ്ങൾക്കും കുടുംബത്തിനുമൊക്കെ പ്രാധാന്യം കൽപ്പിക്കുന്ന കുടുംബനാഥൻ കൂടിയാവുകയാണ് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സുരേഷ് ഗോപി. ക്ലീൻ ഫാമിലി ഇമോഷണല്‍ ത്രില്ലർ ഡ്രാമയായിട്ട് ഈ ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാമെന്നാണ് അണിയറക്കാര്‍ പറയുന്നത്. സുരേഷ് ഗോപി എന്ന നടനിലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എൻ്റർടെയ്‍നറായിട്ടാകും ചിത്രത്തിൻ്റെ അവതരണം. വലിയ മുതൽമുടക്കിൽ വിശാലമായ കാന്‍വാസില്‍ വലിയ താരനിരയുടെ അകമ്പടിയോടെ വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ചിത്രത്തിന്റെ ഷൂട്ട്‌. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും മറ്റ് നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എഴുപത്തോളം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Post a Comment

Previous Post Next Post