തെലുങ്കിലെ സൂപ്പർതാരമാണ് മോഹൻ ബാബു.എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി താരത്തിന്റ വീട്ടിൽ സിനിമയെ വെല്ലുന്ന രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വന്തം മകൻ മഞ്ചു മനോജുമായുള്ള കുടുംബത്തർക്കമാണ് ഉന്തിലും തള്ളിലുമായി കലാശിച്ചത്. ഹൈദരാബാദിലെ ജാൽപള്ളിയിലുള്ള മോഹൻ ബാബുവിന്റെ വീട്ടിലെത്തിയ മഞ്ചു മനോജിനെയും ഭാര്യ മൗനികയും മോഹൻ ബാബുവിന്റെ സുരക്ഷാ ജീവനക്കാർ തടയുകയും, തുടർന്ന് ഗേറ്റ് തള്ളിക്കടക്കാൻ ശ്രമിച്ച മനോജിനെ ബാക്കി ആളുകൾ കൂടി വന്ന് തടയുകയായിരുന്നു. മനോജിനൊപ്പവും ഒരു കൂട്ടം ആളുകളുണ്ടായിരുന്നു. വിവരമറിഞ്ഞ് മാധ്യമങ്ങളെത്തിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായിമാറുകയിരുന്നു . അതോടെ മോഹൻ ബാബു വീടിന് പുറത്തേക്ക് വരുകയും,മാധ്യങ്ങളെ മോഹൻ ബാബു ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. മൈക്ക് തട്ടിയെറിയുകയും,ക്യാമറ തകർക്കുകയും ചെയ്തു. ചില മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായിട്ടും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പൊലീസ് എത്തി മോഹൻ ബാബുവിന്റെ വീട്ടിൽ നിന്ന് തോക്കുകളും പിടിച്ചെടുക്കുകയായിരുന്നു
അതോടൊപ്പം മനോജിനും പരിക്ക് പറ്റിയതായും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വാർത്തകളുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി മോഹൻ ബാബുവും മകനും തമ്മിൽ സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടക്കുന്നുണ്ടായിരുന്നു. പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.മകനായ തന്നോട് അച്ഛന് വിരോധമാണെന്നും, മറ്റു മക്കളോടാണ് തന്നെക്കാൾ പ്രിയം എന്നുമാണ് മനോജിന്റെ പരാതി. സംഭവമറിഞ്ഞ് മോഹൻ ബാബുവിന്റെ മറ്റൊരു മകനും നടനുമായ വിഷ്‌ണു മഞ്ചു ദുബായിൽ നിന്ന് വന്നിട്ടുണ്ട് .