‘ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടിമാരുടെ വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി നടി രംഗത്ത്. നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിയാണ് പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. അന്വേഷണ സംഘം തന്റെയും കുടുംബത്തിന്റെയും സ്വകാര്യത നശിപ്പിക്കുന്നു എന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉൾപ്പെടെ പോലീസ് സംഘം ലോക്ക് ചെയ്തെന്നും സ്വകാര്യത നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പരാതിക്കാരി പറയുന്നു. എന്തൊക്കെയാണെങ്കിലും നടന്മാർക്ക് എതിരായ ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ പറഞ്ഞു.
ആലുവ സ്വദേശിനിയായ നടി എല്ലാ രീതിയിലും പ്രത്യേക അന്വേഷണ സംഘത്തോട് സഹകരിക്കുകയാണെന്നും പറഞ്ഞു. നേരത്തെ നടിയുടെ പരാതിയിൽ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പൊതുജനങ്ങളുമായി ഇടപെടാനുള്ള വഴി ഇല്ലാതാക്കി എന്നാണ് അവർ ആരോപിക്കുന്നത്. തന്റെ ഫേസ്ബുക്ക് ആക്സസ് അവർ നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ നടി വ്യക്തിപരമായ കാര്യങ്ങളിൽ പോലും ഇടപെടുകയാണെന്നും ആരോപിച്ചു. അന്വേഷണസംഘം സ്ഥിരം വീട്ടിൽ വരുന്നതുകൊണ്ട് തന്റെ മകൻ റൂമിൽ കയറിയിരിക്കുകയാണെന്നാണ് അവർ പറയുന്നത്.
അവരുടെ ഉപദ്രവം ഇനിയും തുടരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ നടി എന്തൊക്കെയോ വൃത്തികെട്ട കളികൾ ചുറ്റും നടക്കുന്നതായും ആരോപിച്ചു. പരാതിയിൽ ഉറച്ചു നിൽക്കുന്നതായും അവർ നിലപാട് വ്യക്തമാക്കി. നേരത്തെ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടി മുൻനിര താരങ്ങൾക്ക് എതിരെ ആരോപണവുമായി രംഗത്ത് വന്നത്.അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്ത് നടപടി എടുത്തുവെന്ന് നേരത്തെ സർക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. കൂടാതെ ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന് ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ സമ്പൂർണ രൂപവും അതിനൊപ്പമുള്ള അനുബന്ധ രേഖകളും സര്ക്കാര് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ച ശേഷം പ്രത്യേക അന്വേഷണ സംഘം സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.