ആരാധകരെ ഇളക്കി മറിക്കുന്ന തകർപ്പൻ ഗാനവുമായി തമിഴ് ചിത്രം മാവീരൻ; ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

തമിഴിലെ യുവ സൂപ്പർ താരങ്ങളിൽ ശ്രദ്ധേയനായ നടൻ ശിവകാര്‍ത്തികേൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രം മാവീരന്‍ റിലീസിന് എത്താൻ  ഒരുങ്ങുകയാണ്. ഏറെ ആവേശത്തോടെ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രം പ്രശസ്ത യുവ സംവിധായകൻ മഡോണി അശ്വിന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വിരുമന്‍ എന്ന ചിത്രത്തിലൂടെ കാര്‍ത്തിയുടെ നായികയായി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി അദിതി ശങ്കര്‍ ആണ്  ശിവകാർത്തികേയന്റെ നായികയായി മാവീരനിൽ അഭിനയിക്കുന്നത്.  അദിതി ശങ്കർ പ്രശസ്ത സംവിധായകൻ ശങ്കറിന്റെ മകളാണ് . മഡോണി അശ്വിന്‍ ഒരു മാസ്സ് ചിത്രമായാണ് മാവീരന്‍ ഒരുക്കിയിരിക്കുന്നത്. വിധു അയ്യണ്ണ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഫിലോമിൻ രാജ് ആണ് . ഭരത് ശങ്കര്‍ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഈ ഗാനത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തിരുന്നു. സീനാ സീനാ എന്ന ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് കബിലൻ, സി ആർ ലോകേഷ് എന്നിവർ ചേർന്നാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. സീനാ സീനാ ഒരുക്കിയിരിക്കുന്നത് ആരാധകരെ മുഴുവൻ ആവേശം കൊള്ളിക്കുന്ന ഒരു തകർപ്പൻ ഡാൻസ് നമ്പർ ഗാനമായാണ് . ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് . ശിവകാര്‍ത്തികേൻ , അദിതി ശങ്കർ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ യോഗി ബാബു, സുനിൽ, കൗശിക് മഹത, മിഷ്കിൻ, സരിത, ഗൗണ്ടമണി, എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.  ശാന്തി ടാക്കീസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അരുൺ വിശ്വ ആണ്.  സൂപ്പർ മെഗാ ഹിറ്റ് ചിത്രമായി മാറിയ ഡോണിലൂടെ കഴിഞ്ഞ വർഷം കയ്യടി നേടിയ നടൻ ശിവകാർത്തികേയന്റെ  തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രമായ പ്രിൻസ് പരാജയപ്പെട്ടിരുന്നു. മാവീരൻ മറ്റൊരു സൂപ്പർ മെഗാ ഹിറ്റായി മാറും എന്ന പ്രതീക്ഷയിലാണ് ശിവകാർത്തികേയന്റെ ആരാധകർ.

Scroll to Top